Monday 8 October 2012

'ഒരുപിടി അരി' ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍


'ഒരുപിടി അരി' ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍

കാലിക്കടവ്: നിറയാവയറുകള്‍ക്കും വയറു നിറച്ചുണ്ണാന്‍ ഇതാ 'ഒരുപിടി' അരിയുമായി കുട്ടികള്‍ കാട്ടിത്തരുന്ന സ്നേഹപാഠം. പിലിക്കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആഴ്ചയില്‍ ഒരുപിടി അരി വിദ്യാലയത്തില്‍ എത്തിച്ച് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിത്തരുന്നത്. സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വച്ചത്. ആഴ്ചയില്‍ എല്ലാവരും ഒരുപിടി അരിയുമായി സ്കൂളിലെത്തണം. എല്ലാവരും അത് കേട്ടപാടെ അംഗീകരിച്ചു. തീരുമാനമെടുത്ത അടുത്ത ദിവസം മുതല്‍ തന്നെ കുട്ടികള്‍ അരിയുമായി വിദ്യാലയത്തില്‍ എത്തിത്തുടങ്ങി. അപ്പോഴാണ്‌ പനി ബാധിച്ച് മരിച്ച മാണിയാട്ടെ യു കെ നാരായണന്റെ കുടുംബത്തിന്റെ സങ്കടാവസ്ഥയെ കുറിച്ച്‌ അറിയുന്നത്. ആദ്യ ആഴ്ചയില്‍ ശേഖരിച്ച അരിയുമായി കുട്ടികള്‍ ഇന്ന് വൈകുന്നേരത്തോടെ അവിടെയെത്തി തങ്ങളുടെ സഹായം കൈമാറി. പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം പി പി നാരായണനന്‍ മരണപ്പെട്ട നാരായണന്റെ മകള്‍ നവ്യയുടെ കൈകളിലേക്ക് ഈ അരി ഏല്‍പ്പിച്ചു. തുടര്‍ന്നുള്ള ആഴ്ചകളില്‍ അനാഥാലയങ്ങളിലേക്കും, മറ്റ് പാവപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അരി എത്തിച്ച് നല്‍കാനാണ് കുട്ടികളുടെ തീരുമാനം. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, അധ്യാപകരായ കെ മനോജ്‌ കുമാര്‍ ,ടി സുമതി എന്നിവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കുട്ടികള്‍ക്കൊപ്പം ഉണ്ട്.

1 comment: